സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011, നവംബർ 27, ഞായറാഴ്‌ച

ഭാരമാകുന്ന വാര്‍ധക്യം

ഭാരമാകുന്ന വാര്‍ധക്യം
കൊട്ടും കുരവയുമായി ആഘോഷത്തോടെ പടികടന്നുവന്ന യൗവനം കള്ളനെപ്പോലെ പമ്മിപ്പമ്മിയാണ് പടിയിറങ്ങിപ്പോകുന്നത്. മുന്‍കൂട്ടി ഒരു സൂചനയുമുണ്ടാവില്ല. ആദ്യം ഒന്നോ രണ്ടോ നരച്ച മുടിയിഴകള്‍, മുഖത്ത് ചുളിവുകള്‍, കാഴ്ചക്കുറവ്, കൈകാലുകള്‍ക്ക് ബലക്കുറവ്, ബസ്സിലും തീവണ്ടിയിലും കയറാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോള്‍ കിതപ്പ്, മനസ്സെത്തുന്നിടത്ത് കൈയെത്താതിരിക്കുക.എല്ലാം കൂടിയാകുമ്പോള്‍ ആകെയൊരമ്പരപ്പാണ്. കണ്ണുകളിലെ തിളക്കം, മുടിയുടെ കറുപ്പ്, മേനിയഴക്, ഒക്കെയും കവര്‍ന്നെടുത്തുകൊണ്ട് മിണ്ടാതെയും പറയാതെയും യൗവനം കടന്നുപോകുമ്പോള്‍ നിസ്സഹായരായി അന്തംവിട്ടുപോവുക സ്വാഭാവികം. പക്ഷേ, എന്തുകാര്യം? ആര്‍ക്കാവും തടുക്കാന്‍? സമയത്തിന്‍െറ മുന്നില്‍ മരവിച്ചു നില്‍ക്കേണ്ടിവരുമെന്ന് മണ്ടിപ്പാഞ്ഞു നടക്കുമ്പോള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ?കണ്ണിന്‍െറ കാഴ്ച, ശ്രവണശക്തി, നാവിaെന്‍റ സ്വാദ്, ചര്‍മത്തിന്‍െറ മിനുമിനുപ്പ്, കൈകാലുകളുടെ ശേഷി -ഇവയോരോന്നും കട്ടെടുത്ത് മനുഷ്യരെ പാവകളാക്കി മാറ്റുന്നു. എല്ലാ അവയവങ്ങളുമുണ്ടായിട്ടും അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയേണ്ടിവരുന്ന പാവകള്‍. ഇത്തരം വാര്‍ധക്യചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നപ്പോഴാണ് നവ്നീതാ ദേവ് സെന്‍ എഴുതിയ ‘ഹേമന്തലോകം’ എന്ന നോവല്‍ വായിക്കാനിടയായത്.ലീലാ സര്‍ക്കാറാണ് ബംഗാളി നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഒരു മികച്ച സാഹിത്യസൃഷ്ടിയെന്നൊന്നും പറയാനാവില്ളെങ്കിലും അതില്‍ ജീവിതമുണ്ട്. മക്കളും ഭര്‍ത്താവും ബന്ധുജനങ്ങളും ഉപേക്ഷിച്ചതിനാല്‍ ഒറ്റപ്പെട്ടുപോയ കുറെ സ്ത്രീകളുടെ ജീവിതം.
ബംഗാളിലെ അറിയപ്പെടുന്ന ഒരെഴുത്തുകാരി പുത്രവധുവുമായി ഒത്തുപോകാനാവാതെ ശേഷിച്ച ജീവിതം ‘സന്ധ്യാകുലാലയം’ എന്ന വൃദ്ധസദനത്തിലേക്ക് ചേക്കേറുന്നതും അവരനുഭവിച്ച അവിടത്തെ ജീവിതവുമാണ് നോവലിന്‍െറ ഇതിവൃത്തം. മരുമകളുടെ കുത്തുവാക്കുകള്‍ സഹിക്കാനാവാതെയാണ് അവര്‍ സ്വന്തമായി സമ്പാദിച്ച വീടും സ്വത്തുക്കളും മകന്‍െറ പേരിലെഴുതിക്കൊടുത്ത് വീട് വിടാന്‍ തീരുമാനിച്ചത്.സന്ധ്യാകുലാലയത്തില്‍ അവരെപ്പോലെ നിസ്സഹായരായി വീടുവിട്ടിറങ്ങേണ്ടിവന്ന വേറെയും അന്തേവാസികളുണ്ട്. കാശുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. കാശുള്ളവര്‍ക്ക് സൗകര്യങ്ങള്‍ കൂടും. അവരെ ശുശ്രൂഷിക്കാനും പരിപാലിക്കാനും ആളുകളുമുണ്ടാവുമെങ്കിലും മാനസിക വ്യഥകള്‍ എല്ലാ കൂട്ടര്‍ക്കും ഒരുപോലെത്തന്നെ. അവിടത്തെ ഓരോ അന്തേവാസിക്കും പറയാന്‍ കഥകളേറെയുണ്ട്.പുരോഗമന ചിന്താഗതിക്കാരിയും വിദ്യാസമ്പന്നയുമായ സുലേഖ എന്ന മുസ്ലിം സ്ത്രീ മൂന്നു ഭാര്യമാരുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് പാകിസ്ഥാനില്‍നിന്ന് ജന്മനാടായ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയാണ് വൃദ്ധസദനത്തിലെത്തുന്നത്. അവിടെ എല്ലാ മതക്കാരുമുണ്ട്. അവരവരുടെ മതാചാരപ്രകാരം ജീവിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. അവിടത്തെ അന്തേവാസികളില്‍ പലരും സനാഥരായ അനാഥകളാണ്.കൂടെ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് മക്കളോ ബന്ധുക്കളോ കൊണ്ടാക്കിയവരും മക്കളുമായും മരുമക്കളുമായും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ട് സ്വയം വന്നുചേര്‍ന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടേയൊക്കെ ആധിയും വ്യഥയും എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥയാക്കിയത്. ഒരു നോവലോ കഥയോ വായിച്ചാല്‍ അതിലെ കഥാപാത്രങ്ങളുമായി ചങ്ങാത്തംകൂടുക ചെറുപ്പം മുതലേയുള്ള എന്‍െറ ശീലമാണ്. ഈ നോവല്‍ വായിച്ചതോടെ അതിലെ ഓരോ കഥാപാത്രവും എന്‍െറ അടുത്ത ബന്ധുവായി. അവരുടെ ദുഃഖം എന്‍േറതുമായി.
പഞ്ഞികണക്കെ  വെളുത്ത മുടിയും പല്ലില്ലാത്ത മോണയും ചുക്കിച്ചുളിഞ്ഞ മുഖവും മൊരിപിടിച്ചു നീരുകെട്ടിയ കൈകാലുകളുമുള്ള ഒരു വൃദ്ധ എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു. തീര്‍ത്താലും തീരാത്ത വീട്ടുജോലികളുമായി മണ്ടിനടക്കുന്ന എന്നെ നോക്കി കിഴവി മുഖംകോട്ടുന്നു, പരിഹസിക്കുന്നു: ‘ഭൂമി വിറപ്പിച്ച് നടന്നോ, അഹങ്കരിച്ചോ, നീയില്ളെങ്കില്‍ ഭൂമി ചലിക്കില്ളെന്നല്ളേ നെഗളിപ്പ്.കൈക്കും കാലിനും ശേഷിയും കാഴ്ചയും കേള്‍വിയുമുള്ളിടത്തോളം കാലം ആണും പെണ്ണും അങ്ങനെയേ കരുതൂ. മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി ലോകം പടക്കളമാക്കിക്കോ. ഒടുക്കം കൈക്കും കാലിനും ശേഷി കുറയുമ്പോള്‍ എന്നെപ്പോലെ അവര്‍ നിന്നെയും കുറ്റിച്ചൂലുപോലെ മൂലക്കിരുത്തും. ഒരുകാലത്ത് മക്കള്‍ക്ക് എന്തിനും ഏതിനും അമ്മയെ വേണമായിരുന്നു. ആണ്‍മക്കള്‍ക്ക് അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നാലേ ഉറക്കം വരൂ. സുഖക്കേടു മാറണമെങ്കില്‍ അമ്മയുടെ കൈകൊണ്ട് മരുന്നുകൊടുക്കണം.പെണ്‍മക്കള്‍ക്ക് പ്രസവമുറിയില്‍ പേറ്റിച്ചിമാരോടൊപ്പം അമ്മയുമുണ്ടാകണം. കഷായം കുറുക്കാനും പേറ്റുമരുന്നുണ്ടാക്കാനും തൈലംപുരട്ടി കുളിപ്പിക്കാനും അമ്മ കൂടെ നില്‍ക്കണം. ഭര്‍ത്താക്കന്മാരോട് പിണങ്ങി വീട്ടിലെത്തുമ്പോള്‍ തള്ളയുടെ മാറിലഭയംവേണം. കെട്ടിയോന്‍ മരിക്കുമ്പോള്‍ ആണ്‍മക്കളൊന്നും പറക്കമുറ്റിയിരുന്നില്ല. മുണ്ടുമുറുക്കിയുടുത്തും അരപ്പട്ടിണി കിടന്നുമാണ് അവരെ പഠിപ്പിച്ചതും ഉദ്യോഗസ്ഥരാക്കിയതും.സ്വന്തം കാലില്‍ നില്‍ക്കാനായപ്പോള്‍ പേരും പെരുമയുമുള്ള മരുമക്കളേയും കണ്ടുപിടിച്ചുകൊടുത്തു. ഇപ്പോ അമ്മ അവരുടെ അന്തസ്സിന് ചേരാത്തവളായി. എടുത്താല്‍ പൊങ്ങാത്ത ഭാരമായി. വയ്യാണ്ടായ അമ്മയെ ഒന്നുവന്നുകാണാന്‍ അവര്‍ക്കു നേരമില്ല. മിണ്ടാനും പറയാനും ഒഴിവില്ല. പത്തുമക്കളെപ്പെറ്റ ഒരമ്മയുടെ കഥയിതാണെങ്കില്‍ വെറും രണ്ടു മക്കളുള്ള നിന്‍െറ അവസ്ഥ എന്തായിരിക്കും. പേടിപ്പിക്കയല്ല. കണ്ടും കേട്ടും നിന്നാ മതിയെന്ന് ഓര്‍മിപ്പിച്ചതാ.’
ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് മോണകോട്ടി അമ്മ തേങ്ങിക്കരയുന്നു. അപ്പോള്‍ എന്‍െറ കണ്ണുകളും നിറയുന്നു. ആരോഗ്യവും സാമ്പത്തികശേഷിയുമുണ്ടെങ്കില്‍ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും മത്സരിച്ചിരുന്ന മക്കള്‍ വയസ്സുകാലത്ത് വയ്യാതാവുമ്പോള്‍, അവരെ ഉപേക്ഷിക്കുമ്പോള്‍ ഏതമ്മയുടെ മനസ്സാണ് കരയാത്തത്? ഈയൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതില്‍ മാതാപിതാക്കള്‍ക്കും കാര്യമായ പങ്കുണ്ടാവും. പഴയകാലത്തെ കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ പ്രായമുള്ളവരെ ആദരിച്ചിരുന്നു.അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും കൂട്ടംപറയാനും ആരെങ്കിലുമൊക്കെയുണ്ടായിരുന്നു. ഇന്നത്തെ തലമുറ ചെറുകുടുംബങ്ങളില്‍ ജീവിച്ച് ശീലിച്ചവരാണ്. മക്കള്‍ ഒന്ന്, അല്ളെങ്കില്‍ രണ്ട്. അവരുടെ ആവശ്യങ്ങള്‍ വേണ്ടരീതിയില്‍ നിറവേറ്റണമെങ്കില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്തേ പറ്റൂ. ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍പോലും സമയം കിട്ടാറില്ല.ഇങ്ങനെ ഒറ്റപ്പെട്ട് വളരുന്ന കുട്ടികള്‍ സ്വാര്‍ഥരാകുന്നതില്‍ അവരെയും കുറ്റം പറയാനാവില്ല. ആരുമായും ഒത്തുപോകാന്‍ സാധിക്കാതെ നട്ടംതിരിയുന്നവരാണ് ഇന്നത്തെ കുട്ടികള്‍. ഇത് തിരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുമില്ല. പണമുണ്ടാക്കുകയാണ് ജീവിതത്തിന്‍െറ ലക്ഷ്യമെന്ന് മക്കളെ പഠിപ്പിക്കുന്നവര്‍ തങ്ങളോടുതന്നെയാണ് അന്യായം ചെയ്യുന്നതെന്ന് ഓര്‍ക്കാറില്ല. പണമുണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയിലാണല്ളോ പലരും സ്വന്തങ്ങളും ബന്ധങ്ങളും മറന്നുപോകുന്നത്.
ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരുടെ എണ്ണം കേരളത്തില്‍ മുമ്പില്ലാത്തവിധം ഏറുന്നു. മക്കള്‍ ജോലിയന്വേഷിച്ച് അന്യനാടുകളില്‍ ചേക്കേറിയതോടെ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും മാത്രമാണ് ഇന്ന് കൂട്ട്. പങ്കാളികളില്‍ ഒരാള്‍ പെട്ടെന്ന് വിട്ടുപോയാല്‍ ഇണയുടെ അവസ്ഥ ദയനീയംതന്നെ. ഒറ്റപ്പെട്ടുപോകുന്ന മാതാവിന്‍െറയോ പിതാവിന്‍െറയോ വേദനകള്‍ പങ്കുവെക്കാന്‍ സന്മനസ്സുള്ള മക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും തീരെയില്ളെന്നു പറയാനാവില്ല. വളരെ കുറവാണ് എന്നു മാത്രം.
സാമൂഹികമായ ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വൃദ്ധമാതാപിതാക്കള്‍ തയാറെടുപ്പ് നടത്തുന്നതായിരിക്കും ബുദ്ധി. മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതതന്നെയാണ്. എന്നാല്‍, ഉള്ള സമ്പാദ്യമെല്ലാം ജീവിച്ചിരിക്കുന്ന കാലത്തുതന്നെ മക്കളുടെ പേരില്‍ എഴുതിവെക്കുന്നത് പോഴത്തമാണ്. അങ്ങനെ എഴുതിക്കൊടുത്തിട്ട് പെരുവഴിയിലിറങ്ങേണ്ടിവന്ന ചിലരുടെ കഥ എനിക്കറിയാം.സാമ്പത്തികശേഷിയുണ്ടെങ്കില്‍ ഒരുപരിധിവരെ ആരെയും ആശ്രയിക്കേണ്ടിവരില്ല എന്ന ചിന്ത എന്നിലുണ്ടാക്കിയത് നവനീതാ സെന്നിന്‍െറ ഹേമന്തലോകം എന്ന നോവലാണ്. സന്ധ്യാകുലാലയത്തിലെ അന്തേവാസികള്‍ എനിക്ക് വാര്‍ധക്യകാലത്തും ജീവിക്കാന്‍ പ്രേരണയാകുന്നു. അതെ, വൃദ്ധസദനങ്ങളുണ്ടല്ളോ... ഞാന്‍ സ്വയം സമാധാനിക്കുന്നു.
l

2011, നവംബർ 26, ശനിയാഴ്‌ച

രണ്ടാം ഭര്‍ത്താവിനെ കൊന്നു കുറുമയാക്കി

കറാച്ചിയില്‍ നാല്പതുകാരി ഭര്‍ത്താവിനെ കുറുമയാക്കിയത്രെ, ആദ്യ ഭര്‍ത്താവിലെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യപിച്ചു വന്നു ചീത്ത പറഞ്ഞിട്ടുള്ളൂ എന്നും മൊഴിമാറ്റം, കുറുമ റൊട്ടിക്കൊപ്പം കഴിച്ചോ അതോ ഭക്ഷണശാലയില്‍ വിറ്റോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല, അവശിഷ്ടങ്ങള്‍ അയല്‍വാസികളുടെ മൂക്കിനെ മുഷിപ്പിച്ചപ്പോഴാണത്രെ വിവരം പുറത്തറിഞ്ഞത്

2011, നവംബർ 14, തിങ്കളാഴ്‌ച

മന്ത്രവാദ തട്ടിപ്പ്: സിദ്ധന്‍ വേങ്ങരയില്‍നിന്ന് തട്ടിയത് രണ്ട് ലക്ഷം

വേങ്ങര: വിവാഹതട്ടിപ്പും മന്ത്രവാദ ചികിത്സയും വഴി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പറപ്പൂരാന്‍ അബ്ദുല്‍കരീം (34) വേങ്ങരയില്‍നിന്ന് തട്ടിയത് ആറ് പവന്‍ സ്വര്‍ണവും 70000 രൂപയും. ആറ് മാസം മുമ്പാണ് വേങ്ങര നെടുമ്പറമ്പിലെ പറമ്പത്ത് സെയ്തലവിയുടെ വീട്ടില്‍ അബ്ദുല്‍കരീം മന്ത്രവാദ ചികിത്സക്കെത്തിയത്. മാതാവിന്‍െറ തളര്‍വാതം സുഖപ്പെടുത്താന്‍ പ്രത്യേക ചികില്‍സക്ക് എത്തിയതാണിയാള്‍. 30,000 തവണ മന്ത്രം ജപിക്കാനും ചില മരുന്ന് കഴിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഒരാഴ്ച മുമ്പ് വീട്ടുകാര്‍ കൊണ്ടോട്ടിയിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് സമാന കേസില്‍ കാസര്‍കോട്ട് പിടിയിലായതും തെളിവെടുപ്പിന് വേങ്ങരയിലെത്തുന്നതും. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വേങ്ങര എസ്.ഐ ഇ. വേലായുധന്‍ അറിയിച്ചു.