സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

കോരനു കഞ്ഞി കുമ്പിളില്‍ തന്നെ

ദുബായിക്ക് പറക്കാന്‍ 25 കൊല്ലം പഴക്കമുള്ള വിമാനങ്ങള്‍



കോഴിക്കോട്: എയര്‍ ഇന്ത്യ ദുബായ്, ഷാര്‍ജ സെക്ടറില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എ-321 ഇനത്തില്‍പ്പെട്ട പുത്തന്‍ വിമാനങ്ങള്‍ പിന്‍വലിക്കുന്നു. പകരം 25 വര്‍ഷം പഴക്കമുള്ള എ-320 വിമാനങ്ങള്‍ പറപ്പിക്കാനാണ് നീക്കം. ഒക്ടോബര്‍ 28 മുതല്‍ എ-320 ഇനത്തില്‍പ്പെട്ട വിമാനങ്ങളാവും ഈ സെക്ടറില്‍ സര്‍വീസ് നടത്തുകയെന്ന് എയര്‍ഇന്ത്യയുടെ എന്‍ജിനീയറിങ് വിഭാഗം കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പുതിയ എ-321 വിമാനത്തില്‍ യാത്രക്കാര്‍ക്ക് 30 കിലോയുടെ ലഗ്ഗേജും ഏഴ് കിലോയുടെ ഹാന്‍ഡ്ബാഗും കൊണ്ടുപോവാം. യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് പുതിയ എ-321 വിമാനം മാറ്റി 320 ആക്കുന്നതെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ പത്തുദിവസം ഈ വിമാനങ്ങളില്‍ സഞ്ചരിച്ച യാത്രക്കാരുടെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാവും.

എ-321 ഇനത്തില്‍പ്പെട്ട വിമാനത്തില്‍ 171 പേര്‍ക്ക് യാത്രചെയ്യാമെന്നതിനുപുറമെ രണ്ട് ടണ്‍ ചരക്കും കൊണ്ടുപോവാനാവും. ഒക്ടോബര്‍ 10 മുതല്‍ 20 വരെ ദുബായിലേക്ക് ഈ വിമാനത്തില്‍ ശരാശരി 149 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ ഷാര്‍ജ വിമാനത്തില്‍ 154 പേര്‍ സഞ്ചരിച്ചു. ഇത്രയും യാത്രക്കാരെ കൊണ്ടുപോവുന്നതിനു പുറമെ പച്ചക്കറി ഉള്‍പ്പെടെയുള്ള രണ്ട് ടണ്‍ ചരക്ക് കൊണ്ടുപോവുന്നത് എയര്‍ഇന്ത്യയ്ക്ക് അധികവരുമാനമാണ്.

എന്നാല്‍, 320 വിമാനത്തില്‍ പരമാവധി 145 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. ഇതില്‍ യാത്രക്കാരുടെ ലഗ്ഗേജ് അല്ലാതെ മറ്റ് ചരക്കുകള്‍ കൊണ്ടുപോവാനാവില്ല. മുന്‍പ് ഈ വിമാനം ദുബായ്, ഷാര്‍ജ സെക്ടറില്‍ സര്‍വീസ് നടത്തിയപ്പോള്‍ യാത്രക്കാരുടെ ലഗ്ഗേജ് കിട്ടാത്തത് പതിവു പ്രശ്‌നമായിരുന്നു. ഇതില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കാന്‍ യാത്രക്കാരുടെ ലഗ്ഗേജ് ഒഴിവാക്കും. പിന്നീട് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വേറെ വിമാനത്തില്‍ ലഗ്ഗേജ് എത്തിക്കുകയാണ് ചെയ്യുക.

ഇതുകാരണം യാത്രക്കാര്‍ക്ക് കടുത്ത അസൗകര്യം നേരിട്ടിരുന്നു. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് എ-321 ഏര്‍പ്പെടുത്തിയത്. ഈ വിമാനത്തില്‍ ടി.വി., മ്യൂസിക്‌സിസ്റ്റം, സൗകര്യമുള്ള സീറ്റ് തുടങ്ങിയ അധിക സൗകര്യങ്ങളുമുണ്ട്. യാത്രക്കാരുണ്ടായിട്ടും 321 മാറ്റി പഴയ 320 വിമാനമാക്കുന്നതിനുപിന്നില്‍ സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ട്. എയര്‍ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരുടെ ഈ നീക്കത്തിനെതിരെ കേന്ദ്രവ്യോമയാനമന്ത്രി വയലാര്‍രവിക്ക് ജീവനക്കാര്‍ തന്നെ പരാതി അയച്ചിട്ടുണ്ട്.

2011 ഒക്‌ടോബർ 23, ഞായറാഴ്‌ച

അറബിപ്പൊന്ന് നിറം മങ്ങുന്നു,പണി നോക്കാന്‍ നേരമായി

സ്വദേശിവല്‍ക്കരണത്തിന് കൂടുതല്‍ നടപടികള്‍; ദുബൈയില്‍ കരിയര്‍ സെന്‍റര്‍ തുറന്നു

ദുബൈ: കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുന്നതിനും ഇതിന് തദ്ദേശീയരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട് ദുബൈയില്‍ കരിയര്‍ സെന്‍ററിന് തുടക്കമായി. ദുബൈ അക്കാദമിക് സിറ്റിയിലെ മെന്‍സ് കോളജില്‍ ആരംഭിച്ച ‘ഹയര്‍ കോളജസ് ഓഫ് ടെക്നോളജി (എച്ച്.സി.ടി) കരിയര്‍ സെന്‍റര്‍’ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയും എച്ച്.സി.ടി ചാന്‍സലറുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ സ്വദേശി വിദ്യാര്‍ഥികളെയും വിവിധ തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുകയാണ് കരിയര്‍ സെന്‍റര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. പേര് നല്‍കുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയും അവരുടെ യോഗ്യതക്കനുസരിച്ചുള്ള തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് പ്രാപ്തരാക്കുകയുമാണ് കേന്ദ്രം ചെയ്യുക. അഭിമുഖങ്ങളും മറ്റും നേരിടുന്നതിനും ജോലി നേടിയെടുക്കുന്നതിനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് കേന്ദ്രത്തിന് കീഴില്‍ സമഗ്രവും പ്രത്യേകവുമായ പരിശീലന പദ്ധതികളാണുണ്ടാവുക. രാജ്യത്തെ പ്രമുഖ ടെലികോം ഓപറേറ്റര്‍മാരായ ഡു ഒരുക്കിയ ഇന്‍ററാക്ടീവ് ഇന്‍റര്‍വ്യൂ റൂം കേന്ദ്രത്തിന്‍െറ പ്രത്യേകതയാണ്.
എച്ച്.സി.ടി വൈസ് ചാന്‍സലര്‍ ഡോ. ത്വയ്യിബ് അല്‍ കമാലി, ഡു ചീഫ് ഹുമന്‍ റിസോഴ്സസ് ഓഫിസര്‍ ഫഹദ് അല്‍ ഹസ്സാവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മുടികെട്ടില്‍ നിന്ന് തലയൂരാന്‍ ശൈഖ്‌ുന വഴി തേടുന്നു

*സുന്നികള്‍ ഐക്യപ്പെടണമെന്ന് കാന്തപുരം
*കക്ഷി ചേരാനില്ലെന്ന് മുസ്‌ലിം ലീഗ്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ക്ക് ബോര്‍ഡ് നടത്തിയ ആഹ്വാനത്തിന്റെ ചുവടു പിടിച്ച് മുസ്‌ലിങ്ങള്‍ക്കിടയിലെ വഹാബി ചിന്താധാരയ്‌ക്കെതിരെയുള്ള പ്രചാരണം കേരളത്തിലും ശക്തമാക്കാന്‍ സുന്നി വിഭാഗങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് സുന്നികള്‍ ഐക്യപ്പെട്ടെങ്കില്‍ മാത്രമേ വഹാബിസം പോലുള്ള ചിന്താഗതികളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ ' മാതൃഭൂമി ' യോടു പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കാളിയാവുന്നതിനുള്ള കാരണം വഹാബി പോലുള്ള ചിന്താധാരകളാണെന്നും അദ്ദേഹം പറഞ്ഞു.

സുന്നിവിഭാഗങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നതാണ് യുവാക്കളും മറ്റും ഇത്തരം തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം. ഇതു തടയാനായി സുന്നികളുടെ ഐക്യത്തിനായി ശ്രമം നടത്തും - കാന്തപുരം അറിയിച്ചു. അതേസമയം, സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദത്തില്‍ കക്ഷി ചേരാന്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ വഹാബി ചിന്താഗതിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ക്ക് ബോര്‍ഡ് മൊറാദാബാദില്‍ സംഘടിപ്പിച്ച സുന്നി മഹാപഞ്ചായത്തിലാണ് ഇസ്‌ലാം സമുദായത്തിലെ വഹാബി തീവ്രവാദത്തിനെതിരെയുള്ള ആഹ്വാനമുണ്ടായത്. വഹാബിസം തള്ളിക്കളഞ്ഞെങ്കില്‍ മാത്രമേ മുസ്‌ലിം സമുദായം അതിന്റെ സഹിഷ്ണുതയിലേക്ക് തിരിച്ചു വരൂവെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് കച്ചോച്ചാവി രാജ്യമെങ്ങുമുള്ള സുന്നി വിഭാഗങ്ങളോട് ആഹ്വാനം ചെയ്തു. ഏതെങ്കിലുമൊരു തീവ്രവാദി പിന്തുണ തേടി വീട്ടുവാതില്‍ക്കല്‍ വന്നാല്‍ അവരെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പിടിച്ചേല്‍പ്പിക്കണമെന്നും മൗലാന കച്ചോച്ചാവി ആവശ്യപ്പെട്ടു.

രാജ്യത്തെ 80 ശതമാനം സുന്നി വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ്ഓള്‍ ഇന്ത്യ ഉലമ മഷെയ്ക്ക് ബോര്‍ഡ് അറിയപ്പെടുന്നത്. വഹാബി ചിന്താധാര മുസ്‌ലിം സമുദായത്തില്‍ ചെലുത്തുന്ന സ്വാധീനവും വെല്ലുവിളിയുമായിരുന്നു മഹാപഞ്ചായത്തിലെ മുഖ്യചര്‍ച്ചാ വിഷയം. ഇസ്‌ലാമിന്റെ പ്രതിച്ഛായ മോശമാക്കുന്നതില്‍ ഒരു ചെറിയവിഭാഗം ആളുകള്‍ വിജയിച്ചതായി സമ്മേളനം വിലയിരുത്തി. ഇതു തടയാന്‍ സഹിഷ്ണുതയും ദേശാഭിമാനവും കൂടുതല്‍ പ്രചരിപ്പിക്കണമെന്ന്മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമായി പ്രവര്‍ത്തിക്കാനും സുന്നി മഹാസമ്മേളനം പ്രതിജ്ഞയെടുത്തു.

ഇന്ത്യയില്‍ വഹാബിസത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കാന്തപുരം പറഞ്ഞു. 'മുഹമ്മദീയരിലുള്ള തീവ്രവാദികള്‍' എന്നാണ് ഒരു നിഘണ്ടു വഹാബിസത്തിനു നല്‍കിയിട്ടുള്ള അര്‍ഥം. വഹാബിസം വളര്‍ന്നാല്‍ മതമൈത്രി തളരും. ഓരോ രാജ്യത്തിനും ഭദ്രത ഉണ്ടാവണമെങ്കില്‍ ഒരു നേതൃത്വമുണ്ടാവണം. അതുപോലെ തന്നെയാണ് ഇസ്‌ലാം മതത്തിന്റെയും കാര്യം. മതത്തിന് പ്രവാചകന്മാരുണ്ടായി. അതിനു ശേഷം അനുചരന്മാരുണ്ടായി. ദൈവസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി മതപണ്ഡിതന്മാരുണ്ടായി. എന്നാല്‍ ഈ കാഴ്ചപ്പാടിനെല്ലാം എതിരാണ് വഹാബിസം. ആര്‍ക്കും ഒരു സ്ഥാനവും ഇത്തരക്കാര്‍ അംഗീകരിച്ചു കൊടുക്കുന്നില്ല. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം ശക്തിപ്പെടാനുള്ള ഒരു കാരണം ഇത്തരം ചിന്താഗതിയാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ മുസ്‌ലിങ്ങള്‍ സക്രിയമായി ഇടപെടുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുന്നി മഹാപഞ്ചായത്തിലെ വഹാബിസത്തിനെതിരെയുള്ള പ്രഖ്യാപനം. തീവ്ര നിലപാടെടുക്കുന്നവരെപ്പറ്റി കേള്‍ക്കാന്‍ മാത്രമേ സര്‍ക്കാര്‍ തയ്യാറാവുന്നുള്ളൂവെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചു. മദ്രസകള്‍ക്കു ലഭിക്കുന്ന ഫണ്ടും ധനസഹായവും സംബന്ധിച്ച കൃത്യമായ കണക്കെടുപ്പിന് കേന്ദ്ര മദ്രസ ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുന്നി വിഭാഗക്കാര്‍ തന്നെ യോജിപ്പിലെത്തിയിട്ടില്ല.

ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ വേട്ടയാടപ്പെടുന്നതായുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് മൊറാദാബാദിലെ സുന്നി മഹാപഞ്ചായത്തിന്റെ പ്രഖ്യാപനമെന്നതാണ് മറ്റൊരു പ്രത്യേകത.

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌


modi-epathram
അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്

2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

വീട്ടില്‍ തളര്‍ന്നുകിടന്ന മകനെയും പണമില്ലാതെ അലഞ്ഞ അമ്മയെയും നാട്ടുകാര്‍ രക്ഷിച്ചു


Posted on: 05 Oct 2011



ആലുവ: മകന് മരുന്നുവാങ്ങാന്‍ പോയ ഉമ്മയെ കബളിപ്പിച്ച് കള്ളന്‍ പണം കവര്‍ന്നു. എന്നാല്‍, ആറുമാസത്തോളമായി ഒരുവശം തളര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട മകന്റെ ജീവിതം രക്ഷിക്കാന്‍ അതൊരു നിമിത്തമായി.

പണം നഷ്ടപ്പെട്ട് രാത്രിമുഴുവന്‍ പെരുവഴിയില്‍ അലഞ്ഞ ഉമ്മയ്ക്കുവേണ്ടി നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കാടുപിടിച്ച കൂരയ്ക്കുള്ളില്‍ അവശനിലയില്‍ കിടക്കുന്ന മകനെ കണ്ടെത്തിയത്.

ആലുവ അശോകപുരത്തെ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലാണ് ബന്ധുക്കളാരുടെയും സഹായമില്ലാതെ ഉമ്മ ഫാത്തിമയും (59) രോഗിയായ മകന്‍ നിസാമും (38) താമസിക്കുന്നത്. അശോകപുരത്തുള്ള, എല്ലുപൊടി കമ്പനിയിലെ ജോലിക്കാരനായിരുന്നു നിസാം. 15 വര്‍ഷംമുമ്പ് വിവാഹം കഴിച്ചു. എന്നാല്‍, എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയും കുട്ടികളും നിസാമിനെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന്, മാനസികമായി തളര്‍ന്ന നിസാം പുറംലോകവുമായി ബന്ധമില്ലാതെ വീടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. വൃദ്ധയായ മാതാവ് ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റ് കിട്ടുന്നതുകൊണ്ടാണ് ഇരുവരുടെയും ജീവിതം കഴിഞ്ഞിരുന്നത്. ആറുമാസങ്ങള്‍ക്കുമുമ്പ് രോഗം മൂര്‍ഛിച്ച നിസാം ഇടതു കൈയും കാലും തളര്‍ന്ന് കിടപ്പായി. വൃദ്ധയായ മാതാവിന്റെ പരിചരണമല്ലാതെ, കൃത്യമായി മരുന്നും ഭക്ഷണവും ലഭിക്കാത്തതിനാല്‍ നിസാമിന്റെ ശരീരം എല്ലും തോലും മാത്രമായ നിലയിലാണ്.

എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ മകന് മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് ഭക്ഷണവും മരുന്നും വാങ്ങിത്തരാമെന്നു പറഞ്ഞ് ഒരാള്‍ ആകെയുണ്ടായിരുന്ന നൂറ് രൂപ ഉമ്മയുടെ കൈയില്‍ നിന്ന് മോഷ്ടിച്ചത്. വീട്ടിലെത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഉമ്മ എറണാകുളത്തു നിന്ന് നടക്കുകയായിരുന്നു. രാത്രി വൈകിയും നേരം വെളുത്തിട്ടും ഫാത്തിമയെ വീടിന്റെ പരിസരത്ത് കാണാതായപ്പോഴാണ് അയല്‍ക്കാര്‍ അന്വേഷണം തുടങ്ങിയത്. അങ്ങനെ, തളര്‍ന്നു കിടക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം അബ്ദുള്‍ മുത്തലിബ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങളായ അജിത്കുമാര്‍, അച്ചാമ്മ സ്റ്റീഫന്‍, നബീയ സുലൈമാന്‍, നൗജീന സാദിഖ്, ടി.കെ. അസ്സീസ്, സജു മത്തായി എന്നിവര്‍ സ്ഥലത്തെത്തി.

നിസാമിന്റെ ബാല്യകാല സുഹൃത്തും ആലുവ മുനിസിപ്പാലിറ്റി ജീവനക്കാരനുമായ വിനോദ്, തളര്‍ന്നു കിടക്കുന്ന നിസാമിനെ കുളിപ്പിച്ച് വൃത്തിയാക്കി.

സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ നിസാമിനെയും ഉമ്മയെയും ആലുവ സര്‍ക്കാര്‍ ആസ്​പത്രിയിലെത്തിച്ചു. കൈകാലുകള്‍ തളര്‍ന്ന നിസാമിന് ആദ്യം ആസ്​പത്രിയില്‍ ചികിത്സ നിഷേധിച്ചെങ്കിലും പഞ്ചായത്തംഗം ഇടപെട്ടതോടെ വേണ്ട പരിചരണം നല്‍കാന്‍ ആസ്​പത്രി ജീവനക്കാര്‍ തയ്യാറാവുകയായിരുന്നു.

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

തൌഹീദും വ്യക്തിത്വ വികാസവും



മനുഷ്യമനസ്സിന്റെ സംസ്കരണത്തിനും സമൂഹത്തിന്റെ അഭിവൃദ്ധിക്കുമാവശ്യമായ ആശയങ്ങളും ആചാര മുറകളുമാണ് തൌഹീദുള്‍ക്കൊള്ളുന്നത്. അല്ലാഹുവിന്റെ ശ്രേഷ്ഠ ഗുണങ്ങളെ അറിയാനും ഉള്‍ക്കൊള്ളാനും ഒരുമ്പെടുന്നതിനനുസരിച്ച് മനുഷ്യ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും സാമൂഹിക ജീവിതത്തിലതിന്റെ ഗുണഫലങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു. ഒരാള്‍ മുസ്ലിമായി എന്നതു കൊണ്ടു മാത്രം, അല്ലാഹുവിന്റെ ഉല്‍കൃഷ്ടഗുണങ്ങള്‍ ഉള്‍ക്കൊള്ളാതെ ഇതു ലഭ്യമാവുകയില്ല.

ആശയ നിഗൂഢതകളോ ആചാരോപചാര സങ്കീര്‍ണ്ണതകളോ ഇല്ലാത്ത ഇസ്ലാം ലളിതവും സുതാര്യവുമായ ഒരു കാഴ്ചപ്പാടാണ് ജീവിതത്തെക്കുറിച്ചവതരിപ്പിക്കുന്നത്. അശ്രദ്ധവും അലസവുമായ കേവല കര്‍മങ്ങളുടെ സമാഹാരമായല്ല ജീവിതത്തെ വീക്ഷിക്കുന്നത്. മറിച്ച് നിതാന്ത ജാഗ്രതയും ചടുല നീക്കങ്ങളുമാവശ്യമായ, ഒരു നിമിഷത്തെ അശ്രദ്ധക്ക് നൂറ്റാണ്ടുകള്‍ വില നല്‍കേണ്ടിവരുന്ന ഒരു യുദ്ധത്തിനു സമാനമായാണ് ജീവിതം വിലയിരുത്തപ്പെടുന്നത്. മനുഷ്യന്റെ ജന്മവൈരിയായ പിശാചാണവന്റെ പ്രതിയോഗി.

ഭൌതിക താല്‍പര്യങ്ങളുടെ പേരില്‍ സൃഷ്ടി സഹചമായ ചാപല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളും വികസിപ്പിച്ചെടുത്ത്, ദൈവസ്മരണയില്‍ നിന്നവനെ അടര്‍ത്തിയെടുക്കുന്നതിലും, പരസ്പര വിദ്വേഷവും കലഹകോലഹലങ്ങളും സൃഷ്ടിച്ച് സാമൂഹ്യജീവിതം നരകതുല്യമാക്കുന്നതിലുമാണവന്റെ വിജയം. ഇതിനെതിരെ പടപൊരുതാനുള്ള ആയുധമാണ് തൌഹീദ്.

മാനുഷിക ദൌര്‍ബല്യങ്ങളെ നിയന്ത്രിച്ചുകൊണ്ട് മനസ്സിനെ ശുദ്ധീകരിക്കാനും പാപക്കറകളതില്‍ നിന്നു തുടച്ചു മാറ്റി സുകൃതങ്ങളാല്‍ സല്‍ഗുണ സമ്പന്നമാക്കാനും അതുവഴി സമൂഹത്തെ സകലവിധ ഛിദ്രതകളില്‍ നിന്നും കാത്തുസൂക്ഷിക്കാനുമുതകുന്ന നിയമനിര്‍ദ്ദേശങ്ങളാണ് തൌഹീദ് വിഭാവനം ചെയ്യുന്നത്. വ്യക്തിശുദ്ധിയാണ് തൌഹീദിന്റെ പ്രഥമ ശ്രദ്ധാകേന്ദ്രം. മനഃശുദ്ധി കൈവരിച്ച വ്യക്തികളിലൂടെ ഉദാത്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. വിശ്വസ്തത, വിനയം, സ്നേഹം, സഹാനൂഭൂതി, ധീരത, ആത്മാഭിമാനം തുടങ്ങി നിരവധി സ്വഭാവഗുണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ തൌഹീദിന് നിസ്തുല സ്വാധീനമാണുള്ളത്. ആരോഗ്യ പൂര്‍ണ്ണമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കും നിലനില്‍പ്പിനുമാവശ്യമായ അടിസ്ഥാന ഗുണങ്ങളും തൌഹീദിലടങ്ങിയിട്ടുണ്ട്.