സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

വീട്ടില്‍ തളര്‍ന്നുകിടന്ന മകനെയും പണമില്ലാതെ അലഞ്ഞ അമ്മയെയും നാട്ടുകാര്‍ രക്ഷിച്ചു


Posted on: 05 Oct 2011



ആലുവ: മകന് മരുന്നുവാങ്ങാന്‍ പോയ ഉമ്മയെ കബളിപ്പിച്ച് കള്ളന്‍ പണം കവര്‍ന്നു. എന്നാല്‍, ആറുമാസത്തോളമായി ഒരുവശം തളര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട മകന്റെ ജീവിതം രക്ഷിക്കാന്‍ അതൊരു നിമിത്തമായി.

പണം നഷ്ടപ്പെട്ട് രാത്രിമുഴുവന്‍ പെരുവഴിയില്‍ അലഞ്ഞ ഉമ്മയ്ക്കുവേണ്ടി നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കാടുപിടിച്ച കൂരയ്ക്കുള്ളില്‍ അവശനിലയില്‍ കിടക്കുന്ന മകനെ കണ്ടെത്തിയത്.

ആലുവ അശോകപുരത്തെ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലാണ് ബന്ധുക്കളാരുടെയും സഹായമില്ലാതെ ഉമ്മ ഫാത്തിമയും (59) രോഗിയായ മകന്‍ നിസാമും (38) താമസിക്കുന്നത്. അശോകപുരത്തുള്ള, എല്ലുപൊടി കമ്പനിയിലെ ജോലിക്കാരനായിരുന്നു നിസാം. 15 വര്‍ഷംമുമ്പ് വിവാഹം കഴിച്ചു. എന്നാല്‍, എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയും കുട്ടികളും നിസാമിനെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന്, മാനസികമായി തളര്‍ന്ന നിസാം പുറംലോകവുമായി ബന്ധമില്ലാതെ വീടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. വൃദ്ധയായ മാതാവ് ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റ് കിട്ടുന്നതുകൊണ്ടാണ് ഇരുവരുടെയും ജീവിതം കഴിഞ്ഞിരുന്നത്. ആറുമാസങ്ങള്‍ക്കുമുമ്പ് രോഗം മൂര്‍ഛിച്ച നിസാം ഇടതു കൈയും കാലും തളര്‍ന്ന് കിടപ്പായി. വൃദ്ധയായ മാതാവിന്റെ പരിചരണമല്ലാതെ, കൃത്യമായി മരുന്നും ഭക്ഷണവും ലഭിക്കാത്തതിനാല്‍ നിസാമിന്റെ ശരീരം എല്ലും തോലും മാത്രമായ നിലയിലാണ്.

എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ മകന് മരുന്നുവാങ്ങാന്‍ പോയപ്പോഴാണ് ഭക്ഷണവും മരുന്നും വാങ്ങിത്തരാമെന്നു പറഞ്ഞ് ഒരാള്‍ ആകെയുണ്ടായിരുന്ന നൂറ് രൂപ ഉമ്മയുടെ കൈയില്‍ നിന്ന് മോഷ്ടിച്ചത്. വീട്ടിലെത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഉമ്മ എറണാകുളത്തു നിന്ന് നടക്കുകയായിരുന്നു. രാത്രി വൈകിയും നേരം വെളുത്തിട്ടും ഫാത്തിമയെ വീടിന്റെ പരിസരത്ത് കാണാതായപ്പോഴാണ് അയല്‍ക്കാര്‍ അന്വേഷണം തുടങ്ങിയത്. അങ്ങനെ, തളര്‍ന്നു കിടക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം അബ്ദുള്‍ മുത്തലിബ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങളായ അജിത്കുമാര്‍, അച്ചാമ്മ സ്റ്റീഫന്‍, നബീയ സുലൈമാന്‍, നൗജീന സാദിഖ്, ടി.കെ. അസ്സീസ്, സജു മത്തായി എന്നിവര്‍ സ്ഥലത്തെത്തി.

നിസാമിന്റെ ബാല്യകാല സുഹൃത്തും ആലുവ മുനിസിപ്പാലിറ്റി ജീവനക്കാരനുമായ വിനോദ്, തളര്‍ന്നു കിടക്കുന്ന നിസാമിനെ കുളിപ്പിച്ച് വൃത്തിയാക്കി.

സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ നിസാമിനെയും ഉമ്മയെയും ആലുവ സര്‍ക്കാര്‍ ആസ്​പത്രിയിലെത്തിച്ചു. കൈകാലുകള്‍ തളര്‍ന്ന നിസാമിന് ആദ്യം ആസ്​പത്രിയില്‍ ചികിത്സ നിഷേധിച്ചെങ്കിലും പഞ്ചായത്തംഗം ഇടപെട്ടതോടെ വേണ്ട പരിചരണം നല്‍കാന്‍ ആസ്​പത്രി ജീവനക്കാര്‍ തയ്യാറാവുകയായിരുന്നു.

1 അഭിപ്രായം: