സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

മുടികെട്ടില്‍ നിന്ന് തലയൂരാന്‍ ശൈഖ്‌ുന വഴി തേടുന്നു

*സുന്നികള്‍ ഐക്യപ്പെടണമെന്ന് കാന്തപുരം
*കക്ഷി ചേരാനില്ലെന്ന് മുസ്‌ലിം ലീഗ്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ക്ക് ബോര്‍ഡ് നടത്തിയ ആഹ്വാനത്തിന്റെ ചുവടു പിടിച്ച് മുസ്‌ലിങ്ങള്‍ക്കിടയിലെ വഹാബി ചിന്താധാരയ്‌ക്കെതിരെയുള്ള പ്രചാരണം കേരളത്തിലും ശക്തമാക്കാന്‍ സുന്നി വിഭാഗങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് സുന്നികള്‍ ഐക്യപ്പെട്ടെങ്കില്‍ മാത്രമേ വഹാബിസം പോലുള്ള ചിന്താഗതികളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ ' മാതൃഭൂമി ' യോടു പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കാളിയാവുന്നതിനുള്ള കാരണം വഹാബി പോലുള്ള ചിന്താധാരകളാണെന്നും അദ്ദേഹം പറഞ്ഞു.

സുന്നിവിഭാഗങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നതാണ് യുവാക്കളും മറ്റും ഇത്തരം തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം. ഇതു തടയാനായി സുന്നികളുടെ ഐക്യത്തിനായി ശ്രമം നടത്തും - കാന്തപുരം അറിയിച്ചു. അതേസമയം, സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദത്തില്‍ കക്ഷി ചേരാന്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ വഹാബി ചിന്താഗതിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷെയ്ക്ക് ബോര്‍ഡ് മൊറാദാബാദില്‍ സംഘടിപ്പിച്ച സുന്നി മഹാപഞ്ചായത്തിലാണ് ഇസ്‌ലാം സമുദായത്തിലെ വഹാബി തീവ്രവാദത്തിനെതിരെയുള്ള ആഹ്വാനമുണ്ടായത്. വഹാബിസം തള്ളിക്കളഞ്ഞെങ്കില്‍ മാത്രമേ മുസ്‌ലിം സമുദായം അതിന്റെ സഹിഷ്ണുതയിലേക്ക് തിരിച്ചു വരൂവെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് കച്ചോച്ചാവി രാജ്യമെങ്ങുമുള്ള സുന്നി വിഭാഗങ്ങളോട് ആഹ്വാനം ചെയ്തു. ഏതെങ്കിലുമൊരു തീവ്രവാദി പിന്തുണ തേടി വീട്ടുവാതില്‍ക്കല്‍ വന്നാല്‍ അവരെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പിടിച്ചേല്‍പ്പിക്കണമെന്നും മൗലാന കച്ചോച്ചാവി ആവശ്യപ്പെട്ടു.

രാജ്യത്തെ 80 ശതമാനം സുന്നി വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ്ഓള്‍ ഇന്ത്യ ഉലമ മഷെയ്ക്ക് ബോര്‍ഡ് അറിയപ്പെടുന്നത്. വഹാബി ചിന്താധാര മുസ്‌ലിം സമുദായത്തില്‍ ചെലുത്തുന്ന സ്വാധീനവും വെല്ലുവിളിയുമായിരുന്നു മഹാപഞ്ചായത്തിലെ മുഖ്യചര്‍ച്ചാ വിഷയം. ഇസ്‌ലാമിന്റെ പ്രതിച്ഛായ മോശമാക്കുന്നതില്‍ ഒരു ചെറിയവിഭാഗം ആളുകള്‍ വിജയിച്ചതായി സമ്മേളനം വിലയിരുത്തി. ഇതു തടയാന്‍ സഹിഷ്ണുതയും ദേശാഭിമാനവും കൂടുതല്‍ പ്രചരിപ്പിക്കണമെന്ന്മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമായി പ്രവര്‍ത്തിക്കാനും സുന്നി മഹാസമ്മേളനം പ്രതിജ്ഞയെടുത്തു.

ഇന്ത്യയില്‍ വഹാബിസത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കാന്തപുരം പറഞ്ഞു. 'മുഹമ്മദീയരിലുള്ള തീവ്രവാദികള്‍' എന്നാണ് ഒരു നിഘണ്ടു വഹാബിസത്തിനു നല്‍കിയിട്ടുള്ള അര്‍ഥം. വഹാബിസം വളര്‍ന്നാല്‍ മതമൈത്രി തളരും. ഓരോ രാജ്യത്തിനും ഭദ്രത ഉണ്ടാവണമെങ്കില്‍ ഒരു നേതൃത്വമുണ്ടാവണം. അതുപോലെ തന്നെയാണ് ഇസ്‌ലാം മതത്തിന്റെയും കാര്യം. മതത്തിന് പ്രവാചകന്മാരുണ്ടായി. അതിനു ശേഷം അനുചരന്മാരുണ്ടായി. ദൈവസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി മതപണ്ഡിതന്മാരുണ്ടായി. എന്നാല്‍ ഈ കാഴ്ചപ്പാടിനെല്ലാം എതിരാണ് വഹാബിസം. ആര്‍ക്കും ഒരു സ്ഥാനവും ഇത്തരക്കാര്‍ അംഗീകരിച്ചു കൊടുക്കുന്നില്ല. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം ശക്തിപ്പെടാനുള്ള ഒരു കാരണം ഇത്തരം ചിന്താഗതിയാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ മുസ്‌ലിങ്ങള്‍ സക്രിയമായി ഇടപെടുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുന്നി മഹാപഞ്ചായത്തിലെ വഹാബിസത്തിനെതിരെയുള്ള പ്രഖ്യാപനം. തീവ്ര നിലപാടെടുക്കുന്നവരെപ്പറ്റി കേള്‍ക്കാന്‍ മാത്രമേ സര്‍ക്കാര്‍ തയ്യാറാവുന്നുള്ളൂവെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചു. മദ്രസകള്‍ക്കു ലഭിക്കുന്ന ഫണ്ടും ധനസഹായവും സംബന്ധിച്ച കൃത്യമായ കണക്കെടുപ്പിന് കേന്ദ്ര മദ്രസ ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുന്നി വിഭാഗക്കാര്‍ തന്നെ യോജിപ്പിലെത്തിയിട്ടില്ല.

ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ വേട്ടയാടപ്പെടുന്നതായുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് മൊറാദാബാദിലെ സുന്നി മഹാപഞ്ചായത്തിന്റെ പ്രഖ്യാപനമെന്നതാണ് മറ്റൊരു പ്രത്യേകത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ