സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

കോരനു കഞ്ഞി കുമ്പിളില്‍ തന്നെ

ദുബായിക്ക് പറക്കാന്‍ 25 കൊല്ലം പഴക്കമുള്ള വിമാനങ്ങള്‍



കോഴിക്കോട്: എയര്‍ ഇന്ത്യ ദുബായ്, ഷാര്‍ജ സെക്ടറില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എ-321 ഇനത്തില്‍പ്പെട്ട പുത്തന്‍ വിമാനങ്ങള്‍ പിന്‍വലിക്കുന്നു. പകരം 25 വര്‍ഷം പഴക്കമുള്ള എ-320 വിമാനങ്ങള്‍ പറപ്പിക്കാനാണ് നീക്കം. ഒക്ടോബര്‍ 28 മുതല്‍ എ-320 ഇനത്തില്‍പ്പെട്ട വിമാനങ്ങളാവും ഈ സെക്ടറില്‍ സര്‍വീസ് നടത്തുകയെന്ന് എയര്‍ഇന്ത്യയുടെ എന്‍ജിനീയറിങ് വിഭാഗം കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന പുതിയ എ-321 വിമാനത്തില്‍ യാത്രക്കാര്‍ക്ക് 30 കിലോയുടെ ലഗ്ഗേജും ഏഴ് കിലോയുടെ ഹാന്‍ഡ്ബാഗും കൊണ്ടുപോവാം. യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് പുതിയ എ-321 വിമാനം മാറ്റി 320 ആക്കുന്നതെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ പത്തുദിവസം ഈ വിമാനങ്ങളില്‍ സഞ്ചരിച്ച യാത്രക്കാരുടെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാവും.

എ-321 ഇനത്തില്‍പ്പെട്ട വിമാനത്തില്‍ 171 പേര്‍ക്ക് യാത്രചെയ്യാമെന്നതിനുപുറമെ രണ്ട് ടണ്‍ ചരക്കും കൊണ്ടുപോവാനാവും. ഒക്ടോബര്‍ 10 മുതല്‍ 20 വരെ ദുബായിലേക്ക് ഈ വിമാനത്തില്‍ ശരാശരി 149 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ ഷാര്‍ജ വിമാനത്തില്‍ 154 പേര്‍ സഞ്ചരിച്ചു. ഇത്രയും യാത്രക്കാരെ കൊണ്ടുപോവുന്നതിനു പുറമെ പച്ചക്കറി ഉള്‍പ്പെടെയുള്ള രണ്ട് ടണ്‍ ചരക്ക് കൊണ്ടുപോവുന്നത് എയര്‍ഇന്ത്യയ്ക്ക് അധികവരുമാനമാണ്.

എന്നാല്‍, 320 വിമാനത്തില്‍ പരമാവധി 145 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. ഇതില്‍ യാത്രക്കാരുടെ ലഗ്ഗേജ് അല്ലാതെ മറ്റ് ചരക്കുകള്‍ കൊണ്ടുപോവാനാവില്ല. മുന്‍പ് ഈ വിമാനം ദുബായ്, ഷാര്‍ജ സെക്ടറില്‍ സര്‍വീസ് നടത്തിയപ്പോള്‍ യാത്രക്കാരുടെ ലഗ്ഗേജ് കിട്ടാത്തത് പതിവു പ്രശ്‌നമായിരുന്നു. ഇതില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കാന്‍ യാത്രക്കാരുടെ ലഗ്ഗേജ് ഒഴിവാക്കും. പിന്നീട് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വേറെ വിമാനത്തില്‍ ലഗ്ഗേജ് എത്തിക്കുകയാണ് ചെയ്യുക.

ഇതുകാരണം യാത്രക്കാര്‍ക്ക് കടുത്ത അസൗകര്യം നേരിട്ടിരുന്നു. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് എ-321 ഏര്‍പ്പെടുത്തിയത്. ഈ വിമാനത്തില്‍ ടി.വി., മ്യൂസിക്‌സിസ്റ്റം, സൗകര്യമുള്ള സീറ്റ് തുടങ്ങിയ അധിക സൗകര്യങ്ങളുമുണ്ട്. യാത്രക്കാരുണ്ടായിട്ടും 321 മാറ്റി പഴയ 320 വിമാനമാക്കുന്നതിനുപിന്നില്‍ സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ട്. എയര്‍ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരുടെ ഈ നീക്കത്തിനെതിരെ കേന്ദ്രവ്യോമയാനമന്ത്രി വയലാര്‍രവിക്ക് ജീവനക്കാര്‍ തന്നെ പരാതി അയച്ചിട്ടുണ്ട്.

1 അഭിപ്രായം: