സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

സയ്യിദുല്‍ ഇസ്ടിഗ്ഫാര്‍

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

തൌഹീദും വ്യക്തിത്വ വികാസവും



മനുഷ്യമനസ്സിന്റെ സംസ്കരണത്തിനും സമൂഹത്തിന്റെ അഭിവൃദ്ധിക്കുമാവശ്യമായ ആശയങ്ങളും ആചാര മുറകളുമാണ് തൌഹീദുള്‍ക്കൊള്ളുന്നത്. അല്ലാഹുവിന്റെ ശ്രേഷ്ഠ ഗുണങ്ങളെ അറിയാനും ഉള്‍ക്കൊള്ളാനും ഒരുമ്പെടുന്നതിനനുസരിച്ച് മനുഷ്യ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും സാമൂഹിക ജീവിതത്തിലതിന്റെ ഗുണഫലങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു. ഒരാള്‍ മുസ്ലിമായി എന്നതു കൊണ്ടു മാത്രം, അല്ലാഹുവിന്റെ ഉല്‍കൃഷ്ടഗുണങ്ങള്‍ ഉള്‍ക്കൊള്ളാതെ ഇതു ലഭ്യമാവുകയില്ല.

ആശയ നിഗൂഢതകളോ ആചാരോപചാര സങ്കീര്‍ണ്ണതകളോ ഇല്ലാത്ത ഇസ്ലാം ലളിതവും സുതാര്യവുമായ ഒരു കാഴ്ചപ്പാടാണ് ജീവിതത്തെക്കുറിച്ചവതരിപ്പിക്കുന്നത്. അശ്രദ്ധവും അലസവുമായ കേവല കര്‍മങ്ങളുടെ സമാഹാരമായല്ല ജീവിതത്തെ വീക്ഷിക്കുന്നത്. മറിച്ച് നിതാന്ത ജാഗ്രതയും ചടുല നീക്കങ്ങളുമാവശ്യമായ, ഒരു നിമിഷത്തെ അശ്രദ്ധക്ക് നൂറ്റാണ്ടുകള്‍ വില നല്‍കേണ്ടിവരുന്ന ഒരു യുദ്ധത്തിനു സമാനമായാണ് ജീവിതം വിലയിരുത്തപ്പെടുന്നത്. മനുഷ്യന്റെ ജന്മവൈരിയായ പിശാചാണവന്റെ പ്രതിയോഗി.

ഭൌതിക താല്‍പര്യങ്ങളുടെ പേരില്‍ സൃഷ്ടി സഹചമായ ചാപല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളും വികസിപ്പിച്ചെടുത്ത്, ദൈവസ്മരണയില്‍ നിന്നവനെ അടര്‍ത്തിയെടുക്കുന്നതിലും, പരസ്പര വിദ്വേഷവും കലഹകോലഹലങ്ങളും സൃഷ്ടിച്ച് സാമൂഹ്യജീവിതം നരകതുല്യമാക്കുന്നതിലുമാണവന്റെ വിജയം. ഇതിനെതിരെ പടപൊരുതാനുള്ള ആയുധമാണ് തൌഹീദ്.

മാനുഷിക ദൌര്‍ബല്യങ്ങളെ നിയന്ത്രിച്ചുകൊണ്ട് മനസ്സിനെ ശുദ്ധീകരിക്കാനും പാപക്കറകളതില്‍ നിന്നു തുടച്ചു മാറ്റി സുകൃതങ്ങളാല്‍ സല്‍ഗുണ സമ്പന്നമാക്കാനും അതുവഴി സമൂഹത്തെ സകലവിധ ഛിദ്രതകളില്‍ നിന്നും കാത്തുസൂക്ഷിക്കാനുമുതകുന്ന നിയമനിര്‍ദ്ദേശങ്ങളാണ് തൌഹീദ് വിഭാവനം ചെയ്യുന്നത്. വ്യക്തിശുദ്ധിയാണ് തൌഹീദിന്റെ പ്രഥമ ശ്രദ്ധാകേന്ദ്രം. മനഃശുദ്ധി കൈവരിച്ച വ്യക്തികളിലൂടെ ഉദാത്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. വിശ്വസ്തത, വിനയം, സ്നേഹം, സഹാനൂഭൂതി, ധീരത, ആത്മാഭിമാനം തുടങ്ങി നിരവധി സ്വഭാവഗുണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ തൌഹീദിന് നിസ്തുല സ്വാധീനമാണുള്ളത്. ആരോഗ്യ പൂര്‍ണ്ണമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കും നിലനില്‍പ്പിനുമാവശ്യമായ അടിസ്ഥാന ഗുണങ്ങളും തൌഹീദിലടങ്ങിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ